പാലാ: ജെഇഇ മെയിൻ ബി ആർക്ക്, ബി പ്ലാനിംഗ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച വിജയം നേടി പാലാ ബ്രില്ല്യന്റ് സ്റ്റഡിസെന്റർ. ബി പ്ലാനിംഗ് വിഭാഗത്തിൽ വി. ഗൗരിശങ്കർ 100 പെർസന്റൈൽ സ്കോർ നേടി അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബി ആർക്ക്-ബി പ്ലാനിംഗ് വിഭാഗത്തിൽ മീര കൃഷ്ണ 100 പെർസെന്റൈൽ സ്കോറോടെ പെണ്കുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തി.
ബി ആർക്ക് വിഭാഗത്തിൽ സി.എൻ. ആദില അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബി ആർക്ക്, ബി പ്ലാനിംഗ് വിഭാഗത്തിൽ അഖിലേന്ത്യാ തലത്തിൽ ആദ്യ 10 റാങ്കിനുള്ളിൽ അഞ്ചു പേരും ആദ്യ 100 റാങ്കിനുള്ളിൽ 27 പേരും ബ്രില്ല്യന്റിൽ പരിശീലനം നേടിയവരാണ്.
ആലപ്പുഴ ഹരിപ്പാട് സ്വദേശി എൻജിനിയറായ ജി. വിനോദ് കുമാറിന്റെയും അധ്യാപികയായ രശ്മി രവീന്ദ്രന്റെയും മകനാണ് വി. ഗൗരിശങ്കർ. മാന്നാനം കെഇ സ്കൂളിലെ പ്ലസ് ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റിന്റെ എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. ജെഇഇ മെയിൻ പേപ്പർ 1 പരീക്ഷയി ൽ 99.8760725 പെർസെന്റൈൽ സ്കോർ കരസ്ഥമാക്കിയിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകര വടകോട് സ്വദേശി പമ്മംതല വീട്ടിൽ അഭിഭാഷക ദന്പതികളായ ജി.ആർ. രാജഗോപാലിന്റെയും സൗമ്യയുടെയും മകളാണ് മീര കൃഷ്ണ. പ്ലസ് ടു പഠനത്തിനുശേഷം ബ്രില്ല്യന്റിൽ ബി ആർക്ക്-ബ പ്ലാനിംഗ് സ്പെഷൽ റിപ്പീറ്റർ ബാച്ചിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
സി.എൻ. ആദില ലക്ഷദ്വീപ് ആമിനി ഐലന്റ് സ്വദേശി അഹമ്മദ് കോയയുടെയും റഹത്തൂളിന്റെയും മകളാണ്. പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
ആർക്കിടെക്ചറിലും പ്ലാനിംഗിലും അഭിരുചിയുള്ള വിദ്യാർഥികൾ സ്വപ്നം കാണുന്ന ദേശീയ സ്ഥാപനങ്ങളായ എൻഐടികളിലും സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ച്ചറുകളിലും അഡ്മിഷൻ ലഭിക്കുന്നതിനുള്ള പ്രവേശനപരീക്ഷയാണിത്.
ഉന്നതവിജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റിലെ ഡയറക്ടർമാരും അധ്യാപകരും സ്റ്റാഫംഗങ്ങളും ചേർന്ന് അനുമോദിച്ചു.